Blogger Widgets AKSHARAM: ട്വിറ്റര്‍
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ജൂലൈ 11, തിങ്കളാഴ്‌ച

ട്വിറ്റര്‍







കേന്ദ്രമന്ത്രി ഡോ. ശശി തരൂരിന്റെ ട്വിറ്റര്‍ സന്ദേശം വന്‍ വാര്‍ത്തയാവുകയും അതുവഴി കോണ്‍ഗ്രസ് പാര്‍ട്ടിക്കും മന്ത്രിസഭയ്‌ക്കും അല്പം ഇടിവ് സംഭവിച്ചുവെന്നത് നേര്. പക്ഷെ ഈ സംഭവത്തോടെ ട്വിറ്റര്‍ എന്ന മൈക്രോ ബ്ലോഗിംഗ് സേവനം സൂപ്പര്‍ഹിറ്റായന്നെതനിന് ഒരോ ദിവസവും ഇതിലേക്ക് എത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണത്തില്‍ (‘കന്നുകാലി-വിശുദ്ധപശു’ പ്രയോഗത്തിനും വാര്‍ത്താപ്രാധാന്യത്തിനും ശേഷം) ഉണ്ടാകുന്ന അവിശ്വസനീയമായ വര്‍ധനവ് തന്നെ സാക്ഷി.

ട്വീറ്റാം നമുക്കു ട്വീറ്റാം വീണ്ടുമൊരു ട്വീറ്റഗാനം (പാടാം നമുക്ക് പാടാം വീണ്ടുമൊരു പ്രേമഗാനം) ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ ആശയവിനിമയം എന്ന ഉപാധി വിപ്ലവകരമായ മാറ്റത്തെ നേരിടുകയാണ്‌. ഒരുകാലത്ത്‌ ചിന്തയില്‍പ്പോലും വരാതിരുന്ന തരത്തിലുള്ള സന്ദേശവിനിമയങ്ങളാണ്‌ ഇന്നു നാം ഉപയോഗിക്കുന്നത്‌. ശാസ്‌ത്രകല്‍പ്പിത കഥകളെപ്പോലും നിഷ്‌പ്രഭമാക്കുന്ന രീതിയില്‍ നവംനവങ്ങളായ ആശയപ്രകാശന ഉപാധികള്‍ നമുക്കിടയിലേക്ക്‌ കടന്നുവരുന്നു.

ശബ്ദംകൊണ്ടോ കാഴ്‌ചകൊണ്ടോ വിനിമയംചെയ്‌തത്‌ 165 വര്‍ഷത്തിന് മുമ്പായിരുന്നുവെന്നു പറഞ്ഞാല്‍ ഒരുപക്ഷേ, ഇന്ന്‌ വിശ്വസിക്കാനാകില്ല. 1844ല്‍ സാമുവല്‍ മോഴ്‌സും കൂട്ടുകാരന്‍ ആല്‍ഫ്രഡ്‌ പെയിലും ചേര്‍ന്ന്‌ അകലങ്ങളിലിരുന്ന്‌ സന്ദേശം കൈമാറാനുള്ള സ്‌പന്ദനോപാധി രൂപപ്പെടുത്തുമ്പോള്‍ ഇത്ര വിപ്ലവകരമായ മാറ്റത്തിന്റെ ഡിട്ടും ഡോട്ടും ([ ദീര്‍ഘസ്‌പന്ദനം (-), ലഘുസ്‌പന്ദനം (.) ] ആകും തങ്ങള്‍ കുത്തിക്കുറിക്കുന്നതെന്ന്‌ ചിന്തിച്ചിട്ടുപോലുമുണ്ടാകുമായി​രുന്നില്ല. മുതിര്‍ന്നവര്‍ ഇന്നും ഈ ചിഹ്നഭാഷ ഓര്‍ക്കുന്നുണ്ടാവും. എന്നാല്‍ , ഇന്നത്തെ തലമുറയുടെ ആശയവിനിമയചക്രവാളങ്ങളിലെങ്ങും മോഴ്‌സ്‌കോഡ്‌ ഉണ്ടാകില്ല. മൊബൈല്‍ ഹ്രസ്വസന്ദേശങ്ങളുടെയും എടുക്കാവിളി*കളുടെയും വിവരപ്പെരുക്കത്തില്‍ അവര്‍ കൈമാറുന്നത്‌ സന്ദേശങ്ങളുടെ ഒരു വസന്തകാലംതന്നെയാണ്‌. അതായത്‌, മുതിര്‍ന്നവര്‍ മോഴ്‌സ്‌കോഡ്‌ ലിപി മനഃപാഠമാക്കിയാണ്‌ വിവരങ്ങള്‍ കാതങ്ങള്‍ക്കപ്പുറം എത്തിച്ചതെങ്കില്‍ അവരുടെ പേരക്കുട്ടികള്‍ എസ്‌എംഎസിന്റെ കുറുക്കുഭാഷയും ഇമോറ്റികോണും (ചിഹ്നങ്ങള്‍ ) വിരല്‍ത്തുമ്പില്‍ പരിചിതമാക്കിക്കഴിഞ്ഞു. മൊബൈല്‍ഫോണ്‍ , ഇ-മെയില്‍ , ഒര്‍ക്കുട്ട്‌-ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ വെബ്‌സൈറ്റുകള്‍ ... ഇവയെല്ലാം ആശയവിനിമയത്തിന്റെ ഇടങ്ങളാണല്ലോ. കുറച്ചുകൂടി വിപുലമായ എഴുത്തും പ്രകാശനവുമാണ്‌ നാം ലക്ഷ്യമിടുന്നതെങ്കില്‍ ബ്ലോഗിങ്ങും സഹായത്തിനുണ്ട്‌. ഇതിനൊക്കെയുള്ള ചെലവോ താരതമ്യേന കുറവും. എന്നാല്‍ , ഇന്ന്‌ ഇന്റര്‍നെറ്റ്‌ലോകം ഈ ഗണത്തിലെ മറ്റൊരു നവതരംഗത്തിന്റെ ചിറകിലാണ്‌. ട്വിറ്റര്‍ എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റ്‌ സന്ദേശ സേവനദാതാവ്‌ മൊബൈല്‍ സന്ദേശങ്ങളുടെ സൗകര്യത്തെ ഇന്റര്‍നെറ്റിന്റെ വിശാലതയിലേക്ക്‌ കൂട്ടിയിണക്കുകയാണ്‌.

എന്താണ്‌ ട്വിറ്റര്‍ ?

നിങ്ങള്‍ ഇപ്പോള്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ കൂട്ടുകാരെ തത്സമയം അറിയിക്കാനുള്ള വെബ്‌സൈറ്റാണ്‌ ട്വിറ്റര്‍ .What are you doing? എന്നതാണ്‌ ട്വിറ്ററിന്‌ നിങ്ങളോടുള്ള ചോദ്യംതന്നെ. ഇതിനു മറുപടിയായി 140 അക്ഷരത്തിലോ അക്കത്തിലോ ഉള്ള സന്ദേശം ഇടാം. ഒര്‍ക്കുട്ട്‌/ഫേസ്‌ബുക്ക്‌ പോലെ നിങ്ങളുടെ പ്രൊഫൈല്‍ പേജുമായി കൂട്ടിയിണക്കപ്പെട്ടവര്‍ക്ക്‌ നിങ്ങള്‍ ഇപ്പോള്‍ ടൈപ്പ് ചെയ്‌ത ട്വിറ്റര്‍സന്ദേശം എത്തും. എന്നാല്‍, ഓര്‍ക്കുട്ടും ഫേസ്‌ബുക്കും പോലെ ഓരോരുത്തര്‍ക്കും അയക്കേണ്ടതില്ലെന്നര്‍ഥം. ചങ്ങാതി ഇട്ട ട്വിറ്റര്‍സന്ദേശം നിങ്ങള്‍ക്ക്‌ സുഹൃത്തുക്കളെ അറിയിക്കണമെങ്കില്‍ പുനഃപ്രക്ഷേപണം (RT- Re Tweet) ചെയ്യാം. എന്താണിതിന്റെ മെച്ചം? അറിയാം, അറിഞ്ഞുകൊണ്ടെയിരിക്കാം. ഇതുതന്നെയല്ലേ ഒര്‍ക്കൂട്ടിലും ഇ-മെയില്‍ ഗ്രൂപ്പുകളിലും നാം ചെയ്‌തുകൊണ്ടിരിക്കുന്നത്‌ എന്നാകും ഇപ്പോള്‍ മനസ്സിലുയരുന്ന ചോദ്യം അല്ലേ? എന്നാല്‍ , ലാളിത്യമാണ്‌ ട്വിറ്ററിന്റെ മുഖമുദ്ര. സിനിമാതാരങ്ങള്‍ , രാഷ്‌ട്രീയപ്രവര്‍ത്തകര്‍ , സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളില്‍​ ഇടപെടുന്നവര്‍ , വിദ്യാര്‍ഥികള്‍ , എന്തിന്‌ ചെറുകിടകച്ചവടക്കാര്‍വരെ ഇന്ന്‌ `ട്വിറ്റ്‌' ചെയ്യുന്നവരാണ്‌.

ആരാധകരുമായി പുതിയ സംരംഭങ്ങളെക്കുറിച്ച്‌ അപ്പപ്പോള്‍ സംസാരിക്കാം; ഒരുസമയം ഒട്ടേറെപ്പേരുമായി. അവരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുകയും മറുപടി പറയുകയും ചെയ്യാം. സന്ദേശങ്ങളെല്ലാം 140 അക്ഷര-അക്കങ്ങളില്‍ പരിമിതപ്പെടുത്തണമെന്നതിനാല്‍ നീണ്ട അഭിപ്രായങ്ങള്‍ വായിച്ച്‌ സമയം കളയേണ്ട. എന്നാല്‍ , വിശദമായ ഒരു പോസ്‌റ്റ്‌ നിങ്ങളുടെ വെബ്‌സൈറ്റിലോ ബ്ലോഗിലോ നല്‍കിയശേഷം അതിന്റെ വെബ്‌വിലാസം ഹൈപ്പര്‍ലിങ്കായി നല്‍കി അനുവാചകരെ അങ്ങോട്ടേക്ക്‌ ആനയിക്കാം. ഇന്റര്‍നെറ്റിന്റെ എസ്‌എംഎസ്‌ ( SMS of Internet) എന്നാണ്‌ ട്വിറ്റര്‍ അറിയപ്പെടുന്നത്‌.

ആരൊക്കെയാണ്‌ ട്വിറ്റര്‍മാര്‍

വ്യക്തികള്‍ മാത്രമല്ല, സ്ഥാപനങ്ങളും മാധ്യമ ഗ്രൂപ്പുകളും സന്നദ്ധസംഘടനകളും ഇന്ന്‌ ട്വിറ്ററില്‍ സക്രിയരാണ്‌. സിഎന്‍എന്‍ ടിവിയുടെ ബ്രേക്കിങ്‌ ന്യൂസ്‌ എന്ന പ്രൊൈഫല്‍ ട്വിറ്ററില്‍ 23 ലക്ഷം അനുയായികളെ സൃഷ്ടിച്ചുകഴിഞ്ഞു. അതായത്‌, ടിവി കാണാത്ത ഉപയോക്താക്കള്‍ക്കിടയിലേക്കും ട്വിറ്ററിലൂടെ സിഎന്‍എന്റെ ബ്രേക്കിങ്‌ ന്യൂസുകള്‍ തല്‍സമയം എത്തുകയായി. വെബ്‌നിരീക്ഷകരായ അലക്‌സാ ഡോട്ട്‌കോമിന്റെ കണക്കുപ്രകാരം ലോകത്തിലെ ആദ്യത്തെ എണ്ണപ്പെട്ട ജനപ്രിയ വെബ്‌സൈറ്റായി ട്വിറ്റര്‍ മാറിക്കഴിഞ്ഞു. അന്താരാഷ്‌ട്ര പ്രശസ്‌തമായ മിക്ക ദിനപത്രങ്ങള്‍ക്കും മാഗസിനുകള്‍ക്കും ട്വിറ്റര്‍ പേജ്‌ ഉണ്ട്‌. ചെറുകിട ബിസിനസ്‌ സംരംഭത്തെ പരിപോഷിപ്പിക്കാനും സാമ്പ്രദായിക മാധ്യമത്തിന്‌ പുതിയ കാലത്തിന്റെ വേഗത്തിനൊപ്പം നീങ്ങാനും ട്വിറ്ററിന്റെ 140 അക്ഷരക്കരുത്തില്‍ സാധിക്കും. ബരാക്‌ ഒബാമ തെരഞ്ഞെടുപ്പു പ്രചാരണസമയത്ത്‌ ട്വിറ്ററിനെ സമര്‍ഥമായി ഉപയോഗിച്ചു. 17 ലക്ഷംപേരാണ്‌ ബരാക്‌ ഒബാമയുടെ ട്വിറ്റര്‍ പേജിനെ പിന്തുടരുന്നത്‌. ബരാക്‌ ഒബാമയോ സിഎന്‍എന്‍ഒോ ഇട്ട ഒരു സന്ദേശം വായിക്കാന്‍ നമ്മള്‍ അവരുടെ പേജില്‍ പോകേണ്ട. അവരുടെ പ്രൊഫൈല്‍ പേജുമായി കൂട്ടിയിണക്കപ്പെട്ട എല്ലാ സുഹൃത്തുക്കള്‍ക്കും അപ്പപ്പോള്‍ത്തന്നെ സന്ദേശങ്ങള്‍ ലഭിക്കും. ട്വിറ്ററില്‍ ഒരാളെ പരാമര്‍ശിക്കണമെങ്കിലോ മറ്റുള്ളവര്‍ക്ക് ഒപ്പം അയാളുടെ ശ്രദ്ധയിലേക്കും സന്ദേശം കൊണ്ടുവരാനായി പേരിന് മുന്നില്‍ അറ്റ് (@) അടയാളം ചേക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This