Blogger Widgets AKSHARAM: ബാക്കപ്പ് ( BACK UP)
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ജൂലൈ 12, ചൊവ്വാഴ്ച

ബാക്കപ്പ് ( BACK UP)



ഓണ്‍ലൈനില്‍ ശേഖരിച്ച് സുക്ഷിച്ചിരിക്കുന്ന വിവരങ്ങളെല്ലാം പെട്ടെന്നൊരു ദിവസം തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടുപോകുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. ആലോചിക്കാനാവുന്നില്ല അത്, അല്ലേ. ഇത്തരം സേവനങ്ങള്‍ നല്‍കുന്നവര്‍ ഒരുപക്ഷേ ക്ഷമാപണം നടത്തി കൈകഴുകും. നഷ്ടം നമുക്കു മാത്രമായിരിക്കും. 

വിലപ്പെട്ട രേഖകളും ചിത്രങ്ങളും സന്ദേശങ്ങളും വിവരങ്ങളുമെല്ലാം വീണ്ടെടുക്കാനാകാത്ത വിധം നഷ്ടപ്പെട്ടുപോകുമോ ഈ ക്ലൗഡ് യുഗത്തില്‍ എന്ന ചിന്തയ്ക്ക് പ്രസക്തിയേറുകയാണ്. കഴിഞ്ഞ ദിവസം പതിനായിരക്കണക്കിന് ജിമെയില്‍ ഉപഭോക്താക്കള്‍ നേരിട്ട ദുര്‍ഗതിക്ക് ശേഷം വിശേഷിച്ചും.

നാല്പതിനായിരത്തിലേറെ ജിമെയില്‍ യൂസര്‍മാരാണ് പെട്ടന്ന് തങ്ങളുടെ അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങളില്‍ മിക്കതും നഷ്ടപ്പെട്ട അവസ്ഥ നേരിട്ടത്. അവരുടെ മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗശൂന്യമാവുകയോ അല്ലെങ്കില്‍ അക്കൗണ്ടിലെ മെയിലുകളും ലേബലുകളും ഫോള്‍ഡറുകളും സെറ്റിങ്ങുകളുമൊക്കെ ഡിലീറ്റ് ചെയ്തുപോകുകയോ ചെയ്തു.

ഇത്തരമൊരവസ്ഥ ജിമെയിലിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും മെയിലിലോ മാത്രമല്ല, ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന എവിടെയും സംഭവിക്കാമെന്നിരിക്കെ, 'ബാക്കപ്പ'് (Back up) എന്നതു മാത്രമാണ് ഇതിനൊരു പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്.

നമ്മുടെ ജോലിയും ആശയവിനിമയവും ആയി ബന്ധപ്പെട്ട് ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ഒട്ടനധി സേവനങ്ങള്‍ നാം ഉപയോഗിക്കുന്നുണ്ട്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ ഡോക്‌സ്, മൈക്രോസോഫ്ട് ഓഫീസ് ലൈവ്, വേഡ്പ്രസ്സ്, ഫ്ലക്കര്‍, ബ്ലോഗര്‍, പിക്കാസ്സ തുടങ്ങിയവയൊക്കെ ഇതിലുള്‍പ്പെടുന്നു.

നമ്മുടെ ഡാറ്റ നഷ്ടപ്പെട്ടാല്‍, സൗജന്യ സേവനം ലഭ്യമാക്കുന്ന ഇവയ്ക്ക് ഒരു ക്ഷമാപണം നടത്തി കടന്നുപോകാനാകും. അതുകൊണ്ട് ഇവയിലെല്ലാം ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ വിവരങ്ങളുടെ ബാക്കപ്പ് എടുത്തു വയ്ക്കണമെന്നല്ല പറഞ്ഞുവരുന്നത്. മറിച്ച് നാം ഓണ്‍ലൈനില്‍ സൂക്ഷിക്കുന്ന വിവരങ്ങള്‍ക്കായി എടുത്തിരിക്കുന്ന സുരക്ഷാവലയത്തിനു മേല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയെന്നാണ് അര്‍ഥമാക്കുന്നത്.

ജിമെയിലിന്റെ കാര്യത്തിലാണെങ്കില്‍ ഏറ്റവും എളുപ്പത്തില്‍ ഇവയുടെ ലോക്കല്‍ ബാക്കപ്പ് എടുക്കുന്നതിന് POP3/IMAP ഇമെയില്‍ ക്ലയന്റുകളായ മോസില തണ്ടര്‍ബേഡ്, ആപ്പിളിന്റെ മെയില്‍ ആപ്ലിക്കേഷന്‍, അല്ലെങ്കില്‍ വിന്‍ഡോസ് ലൈവ് മെയില്‍ എന്നിവയിലൂടെ സാധിക്കും. ഈ ഇമെയില്‍ ക്ലയന്റുകളിലൊന്നിനെ സ്ഥിരമായി ഉപയോഗിക്കുവാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ഇതിനായി ഒരു ഡെസ്‌ക്‌ടോപ്പ് പ്രോഗ്രാം ഉപയോഗിക്കാവുന്നതാണ്. ഈ ഡെസ്‌ക്‌ടോപ്പ് ക്ലയന്റ് മാസത്തില്‍ ഒരിക്കലാണ് ഉപയോഗിക്കുന്നതെങ്കില്‍ പോലും നിങ്ങളുടെ ഇമെയിലുകളെ ബള്‍ക്കായി ഓഫ്‌ലൈനില്‍ സൂക്ഷിക്കാനാകും.

ഫെയ്‌സ്ബുക്കിന്റെ കാര്യത്തിലാണെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ മുഴുവന്‍ വിവരങ്ങളെയും സിപ് ഫയലാക്കി എക്‌സ്‌പോര്‍ട്ട് ചെയ്യാവുന്ന ഒരു ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഫെയ്‌സ്ബുക്ക് എക്‌സ്‌പോര്‍ട്ട് ടൂളിലുള്ള ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതിയാകും ഇതിന് (അക്കൗണ്ട് സെറ്റിങ്‌സിലുള്ള ' download your information' ല്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും).

ഇതേത്തുടര്‍ന്ന് നിങ്ങളുടെ ഇമെയിലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. ഇടയ്ക്കിടെ ഇത് ചെയ്യുകയാണെങ്കില്‍ എപ്പോഴെങ്കിലും സംഭവിച്ചേക്കാവുന്ന 'വിവരങ്ങള്‍ നഷടപ്പെടല്‍ ' പോലുള്ള അത്യാഹിതത്തില്‍ നിന്ന് രക്ഷനേടാനാകും.

ബ്ലോഗര്‍മാരുടെ എണ്ണം കുറയുന്നു എന്നത് സത്യമാണെങ്കില്‍പ്പോലും ബ്ലോഗില്‍ അപ്‌ലോഡുചെയ്ത വിവരങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ മിക്കവരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട്, നിങ്ങള്‍ കഷ്ടപ്പെട്ട് തയ്യാറാക്കിയവ ബ്ലോഗിലേക്ക് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഹാര്‍ഡ് ഡിസ്‌കിലേക്ക് സേവ് ചെയ്യുക. നിലവിലുള്ള മിക്ക ബ്ലോഗെഴുത്തു പ്രോഗ്രാമുകളും പ്രമുഖ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമുകളായ ബ്ലോഗര്‍, വേഡ്പ്രസ്സ്, ടംബ്ലര്‍ എന്നിവയെ പിന്തുണക്കുന്നവയാണ്. ഇവയൊക്കെ നാം പോസ്റ്റ് ചെയ്യുന്നവയെ സൂക്ഷിച്ചുവയ്ക്കുന്നവയുമാണ്.

അതുപോലെ മൈക്രോസോഫ്ടിന്റെ പ്രോഗ്രാമായ വിന്‍ഡോസ് ലൈവ് റൈറ്റര്‍ നിങ്ങള്‍ പോസ്റ്റുചെയ്യുന്ന ഓരോന്നിനെയും ഡോക്യുമെന്റ്‌സ് ഫോള്‍ഡറിലെ 'മൈ വെബ്ലോഗ് പോസ്റ്റി'ല്‍ സൂക്ഷിക്കുന്നവയുമാണ്. ഇതുവരെയുള്ള നിങ്ങളുടെ പോസ്റ്റുകളെ എക്‌സ്‌പോര്‍ട്ടുചെയ്യാനുള്ള സൗകര്യമൊരുക്കുന്നവയുമാണ് മിക്ക ബ്ലോഗ് സര്‍വീസുകളും.

തങ്ങളുടെ ട്വീറ്റുകള്‍ എപ്പോഴത്തേക്കുമായി സൂക്ഷിക്കണമെന്ന് ഒരുപാടു പേര്‍ ആഗ്രഹിക്കുന്നുണ്ടാകും. നെറ്റ് ന്യൂസ്‌വയര്‍ (മാക്കിന്), ഫീഡ് ഡെമണ്‍ (വിന്‍ഡോസിന്) പോലുള്ള ഡെസ്‌ക്‌ടോപ്പിലുപയോഗിക്കുന്ന ആര്‍ എസ് എസ് റീഡറുകളുപയോഗിച്ച് നിങ്ങളുടെ തന്നെ ട്വിറ്റര്‍ ഫീഡുകളെ സ്വീകരിക്കാനാകും. എന്നാല്‍ മിക്ക ഡെസ്‌ക്ടോപ്പ് പ്രോഗ്രാമുകളും ആര്‍ എസ് എസ് വഴിയുള്ള ഡൗണ്‍ലോഡുകളെ ഒരു പരിധി കഴിഞ്ഞാല്‍ നിയന്ത്രിക്കുന്നവയാണ്. പഴയ ട്വീറ്റുകളെ നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലേക്ക് എക്‌സ്‌പോര്‍ട്ടുചെയ്യുന്ന ട്വീറ്റ് ബാക്കപ്പ്, ട്വീറ്റ് സ്‌കാന്‍ ബാക്കപ്പ് തുടങ്ങിയ സൗജന്യ സേവനങ്ങളെ ഉപയോഗിക്കുക എന്നുള്ളതാണ് മറ്റൊരു വഴി. ഇതിനും ട്വീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ചില പരിമിതികളുണ്ട്.

വിവരങ്ങള്‍ ബാക്കപ്പ് ചെയ്യുക എന്നത് ഒരുതരത്തില്‍ മെനക്കെട്ട പണിയാണെങ്കിലും അത് ചെയ്യുക തന്നെയാണ് നല്ലത്. കാരണം, നാം സൂക്ഷിച്ചിരുന്ന വിവരങ്ങള്‍ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിനെക്കാള്‍ അതാണല്ലോ നന്ന്. ജിമെയിലില്‍ സംഭവിച്ച ദുര്യോഗം നല്‍കുന്ന മുന്നറിയിപ്പും ഇതു തന്നെയാണ്.
: Mathrubhoomi

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This