വെബ്ബും ത്രിമാനത്തിലേക്ക്
ലോകം ത്രിമാനയുഗത്തിലേക്ക് ചുവട് വെയ്ക്കുകയാണ്. സിനിമ, ടിവി, മൈബൈല്‍ ഫോണ്‍, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍-ഇപ്പോഴിതാ സാക്ഷാല്‍ വെബ്ബും. വെബ്ബ് അടിസ്ഥാന ഗ്രാഫിക്‌സ് ലൈബ്രറിയായ 'വെബ്ബ്ജിഎല്‍' (WebGL) ആണ് എച്ച്ടിഎംഎല്‍ ബ്രൗസറുകളില്‍ പ്ലഗ്ഗിനുകളുടെ സഹായമില്ലാതെ ത്രിമാന ഗ്രാഫിക്‌സുകള്‍ സാധ്യമാക്കുന്നത്.
ഖ്രോണോസ് ഗ്രൂപ്പ് (Khronos Group) അതിന്റെ വെബ് ജിഎല്‍ 1.0 അന്തിമരൂപത്തില്‍ പുറത്തിറക്കിയതോടെയാണ് വെബ്ബും ത്രീഡിയാകാന്‍ വഴിതുറന്നത്. ഗൂഗിളും മോസിലയും ഒപേറയുമൊക്കെ ഇപ്പോള്‍ തന്നെ പിന്തുണയ്ക്കുന്ന വെബ് ജിഎല്ലിനെ മൈക്രോസോഫ്ട് ഇതുവരെ പിന്തുണച്ചിട്ടില്ല.
മോസില ഫയര്‍ഫോക്‌സ് 4.0, ഗൂഗിള്‍ ക്രോം 9.0 ന്റെ എല്ലാ ചാനലുകളും, സഫാരിയുടെ നൈറ്റ് ബില്‍ഡ്, ഒപേറയുടെ പ്രിവ്യൂ ബില്‍ഡ് എന്നിവയിലൊക്കെ വെബ് ജിഎല്‍ 1.0 പ്രവര്‍ത്തിക്കും. ഓപ്പണ്‍ ജി എല്‍ ഗ്രാഫിക് ഇന്റര്‍ഫേസ് അടിസ്ഥാനമാക്കിയുള്ളതാണ് വെബ് ജി എല്‍. ബ്രൗസറില്‍ ത്രീഡി ഗ്രാഫിക്‌സ് സാധ്യമാക്കാന്‍ ജാവ സ്‌ക്രിപ്റ്റിന് കഴിവ് നല്‍കുകയാണ് വെബ്ബ്ജിഎല്‍ ചെയ്യുക. ഓപ്പണ്‍ ജി എല്‍ ഇ എസ് 2.0 അടിസ്ഥാനമാക്കിയുള്ള വെബ് ജിഎല്‍, ത്രിമാന ഗ്രാഫിക്‌സിനുള്ള ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ് (എ പി ഐ) ഒരുക്കുകയും ചെയ്യുന്നു.
യഥാര്‍ത്ഥത്തില്‍, വെബ്ബില്‍ മുമ്പും ത്രീഡി ഗ്രാഫിക്‌സ് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1994 ല്‍ വെര്‍ച്വല്‍ റിയാലിറ്റി മാര്‍ക്കപ്പ് ലാംഗ്വേജ്് പുറത്തിറക്കിയപ്പോഴായിരുന്നു അത്. പക്ഷെ പരാജയപ്പെടാനായിരുന്നു അതിന്റെ വിധി. വെബ്ബില്‍ തികച്ചും പുതിയ ആപ്ലിക്കേഷനുകള്‍ സാധ്യമാക്കുകയായിരിക്കും വെബ്ബ് ജിഎല്‍ ചെയ്യുക. വെബ് ഡെവലപ്പര്‍മാര്‍ക്ക് അത് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമ്പോള്‍, ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കും. ഇപ്പോള്‍ തന്നെ ഫയര്‍ഫോക്‌സുവഴി ആന്‍ഡ്രോയിഡ് ഫോണുകളില്‍ വെബ് ജിഎല്‍ എത്തിക്കഴിഞ്ഞു.
ത്രീഡി ഗെയിം മേഖലയിലും മെഡിക്കല്‍ വിഷ്വലൈസേഷന്‍ മേഖലയിലും ത്രിമാന ഉള്ളടക്ക നിര്‍മാണമേഖലയിലുമൊക്കെ വെബ് ജിഎല്‍ കാതലായ ചലനങ്ങളുണ്ടാക്കും. മോസിലയിലെ വഌഡിമര്‍ വുകുസെവിച്ച് നടത്തിയ ത്രീഡി പരീക്ഷണങ്ങളാണ് ഇപ്പോള്‍ വെബ് ജി എല്‍ 1.0 ലേക്ക് എത്തി നില്‍ക്കുന്നത്. 2006 ല്‍ അദ്ദേഹം കാന്‍വാസ് ത്രീഡിയുടെ രൂപം പ്രദര്‍ശിപ്പിച്ചു. 2007 ല്‍ മോസിലയും ഒപേറയും തങ്ങളുടേതായ കണ്ടുപിടുത്തങ്ങള്‍ നടത്തി. പിന്നീട് 2009 ന്റെ ആരംഭത്തില്‍ മോസിലയും ഖ്രോണോസ് ഗ്രൂപ്പും ചേര്‍ന്ന് വെബ് ജി എല്‍ പ്രവര്‍ത്തക സംഘമുണ്ടാക്കി. ഈ സംഘത്തില്‍ നിന്നാണ് വെബ് ജി എല്‍ 1.0 യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
ഇനി വെബ് ജി എല്ലിന് കടുത്ത ഭീഷണി ഉയരാന്‍ പേകുന്നത് ഓണ്‍ലൈന്‍ ഗെയിമിങ് രംഗത്തെ പ്രമുഖ സാന്നിധ്യമായ അഡോബിയുടെ ഫ്ലഷില്‍ നിന്നാണ്. ഇതുവരെ ത്രിഡി പിന്തുണയില്ലാത്ത ഫ്ലഷ് മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടക്കമാണ് ഫ്ലഷ് പ്ലെയര്‍11 ഇന്‍കുബേറ്റര്‍ ബില്‍ഡിലുള്ള ' മോള്‍ഹില്‍ 'ന്റെ പ്രവ്യൂ പതിപ്പിന്റെ പ്രകാശനം. എന്നാല്‍ ഖ്രോണോസാകട്ടെ അടുത്തപടിയായ വെബ് സി എല്‍ രൂപവത്കരണവും പ്രഖ്യാപിച്ചുകഴിഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ