Blogger Widgets AKSHARAM: ടോറന്റുകൾ-ഫയൽ ഷെയറിംഗ് സോഫ്റ്റ്‌വെയർ
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2012, ജൂൺ 11, തിങ്കളാഴ്‌ച

ടോറന്റുകൾ-ഫയൽ ഷെയറിംഗ് സോഫ്റ്റ്‌വെയർ



ടോറന്റുകളെക്കുറിച്ച് കേട്ടീട്ടീല്ലാത്തവര്‍ കുറവായിരിക്കും. സിനിമകള്‍, സോഫ്റ്റ് വെയറുകള്‍, പാട്ടുകള്‍, വീഡിയൊ സോങുകള്‍, ഇബുക്കുകള്‍, തുടങ്ങി എല്ലാതരത്തിലുമുള്ള ഫയലുകളും ഇന്റര്‍നെറ്റിലുടെ കൈമാറാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ടോറന്റുകള്‍ എന്നറിയപ്പെടുന്നതു. .torrent എന്ന എക്സ്റ്റന്‍ഷുകളില്‍ ഉള്ളവയാണ് ടോറന്റ് ഫയലുകള്‍. ഒരു ടോറന്റ് ക്ലയന്റ് ഉപയോഗിച്ച് അധികം ചെലവില്ലാതെ തന്നെ ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതു സാധ്യമാക്കുന്നു. പരസ്പരം ഫയലുകള്‍ കൈമാറിയാണ്
ടോറന്റുകള്‍ വഴി ഫയല്‍ കൈമാറ്റം സാധ്യമാകുന്നതു. ബിറ്റ് ടോറന്റ് എന്ന ഓപ്പണ്‍ പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ് ടോറന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ പ്രോഗ്രാമര്‍ ആയ ബ്രാം കോഹനാണു 2001 ജൂലൈ മാസത്തില്‍ ബിറ്റ് ടോറന്റ് പ്രോട്ടൊക്കോള്‍ പുറത്തിറക്കുകയുണ്ടായത്. ടോറന്റിന്റെ പിതാവെന്നറിയപ്പെടുന്നതും ബ്രാം കോഹൻ തന്നെയാണു . കോഹന്‍ കണ്ടുപിടിച്ച ഈ സാങ്കേതികവിദ്യ ഇന്നു ലോകമെമ്പാടും ഫയലുകള്‍ കൈമാറ്റം ചെയ്യാനായി ഉപയൊഗിച്ചു വരുന്നു. ഇന്റര്‍നെറ്റ് ലോകത്തില്‍ ഇന്ന് എറ്റവും കൂടുതല്‍ ഉപയോഗിചു വരുന്ന ഫയല്‍ ഷെയറിംഗ് സാങ്കേതികവിദ്യകളിലൊന്നാണ് ബിറ്റ് ടോറന്റ് പ്രോട്ടോ‍കോളുകള്‍.

സാധാരണഗതിയില്‍ ഇന്റര്‍നെറ്റിലുടെ ഫയലുകള്‍ കൈമാറ്റം ചെയ്യുന്നത് ക്ലയന്റ്- സെര്‍വര്‍ നെറ്റ്വര്‍ക്കുകള്‍ വഴിയാണ്. ഒരു സെര്‍വര്‍ തലത്തിലുള്ള കമ്പ്യൂട്ടറില്‍ നിന്നും ക്ലയന്റ് തലത്തിലേക്കുള്ള കമ്പ്യൂട്ടറിലേക്കു എച് റ്റി റ്റി പി വഴിയൊ അല്ലെങ്കില്‍ എഫ് റ്റി പി റിക്വസ്റ്റ് വഴിയൊ ആണു ഫയലുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതു. ഇതുവഴി ഫയലുകള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ക്ലയന്റ് കമ്പ്യൂട്ടറുകള്‍ സെര്‍വര്‍ കമ്പ്യൂട്ടറുകളുമായി മാത്രമെ ബന്ധപ്പെടുന്നുള്ളു. ക്ലയന്റ് കമ്പ്യൂട്ടറുകള്‍ തമ്മില്‍ യാതൊരു ബന്ധവും ഇവിടെ സൃഷ്ടിക്കപെടുന്നില്ല. ഈ സെര്‍വറുകള്‍ എപ്പോഴും ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിരിക്കുകയും “ റിക്വസ്റ്റ് & കണക്റ്റ്” എന്നതിലൂന്നി പ്രവര്‍ത്തിക്കുകയും ചെയ്യൂന്നു.

എന്നാല്‍ ഇങ്ങനെയൊരു കണക്ഷനില്‍ നിരവധി പ്രശ്നങ്ങളുമൂണ്ട്. ഉദാഹരണത്തിനു ഒരു ഫയലിന്റെ സൈസ് വല്ലാതെ കൂടിയതാണെങ്കിലൊ അല്ലെങ്കില്‍ ഒരു ഫയല്‍ ഒരു പാടു ഉപയോക്താക്കള്‍ ഒരേസമയം തന്നെ റിക്വസ്റ്റ് ചെയ്യുകയൊ ചെയ്യുമ്പോള്‍ അവ കൈമാറ്റം ചെയ്യുന്നതിനായി വളരെക്കുടിയ അളവില്‍ സമയം എടുക്കുന്നു. സെര്‍വറുകളുമായുള്ള ക്ലയന്റ് കമ്പ്യൂട്ടറുകളുടെ കണക്ഷന്‍ ഇതു വഴി വിച്ഛേദിച്ചു പോകുവാനുള്ള സാധ്യതയും ഇവിടെ കൂടുതലാണ്. മിറര്‍ ഇമേജുകള്‍ സൃഷ്ടിച്ചു നിരവധി സെര്‍വറുകള്‍ വഴി ഇതില്‍ നിന്നും ഒരു പരിധി വരെ കരകയറാമെങ്കിലും അതു പക്ഷെ വളരെകൂടീയ അളവിലുള്ള സാമ്പത്തികനഷ്ടം ഉണ്ടാക്കി വെക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ട്രാന്‍ഫര്‍ റേറ്റുള്ള സെര്‍വറുകള്‍ മാത്രമെ ഈ രീതി അവലംബിച്ചു വരുന്നുള്ളു.

ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതിനുപയോഗിക്കുന്ന മറ്റൊരു സാങ്കേതികവിദ്യയാണ് പീര്‍ റ്റു പീര്‍ നെറ്റ്വര്‍ക്കുകള്‍. പീര്‍ റ്റു പീര്‍ സാങ്കേതികവിദ്യയുടെ മെച്ചം ഇത് ഒരു സെര്‍വര്‍ സിസ്റ്റത്തിനെ ആശ്രയിച്ചല്ല നിലനില്‍ക്കുന്നതുഎന്നതാണ്. അതു കൊണ്ട് തന്നെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കു പരസ്പരം ഫയലുകള്‍ കൈമാറ്റാന്‍ ചെയ്യാന്‍ ഇതു വഴി സാധിക്കുന്നു. നോഡുകള്‍ വഴിയാണ് പീര്‍ റ്റു പീര്‍ നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നതു എന്നുള്ളതു കൊണ്ട് ഫയലുകള്‍ അയക്കുവാനും, സ്വീകരിക്കുവാനും കഴിയുന്നു. ഇത്തരം നെറ്റ് വര്‍ക്കുകളില്‍ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകള്‍ തന്നെ സെര്‍വറുകളായും ക്ലയന്റുകളായും പ്രവര്‍ത്തിക്കുന്നു. ഉപയോഗ്താക്കളുടെ കമ്പ്യൂട്ടറുകളില്‍ പീര്‍ റ്റു പീര്‍ നെറ്റ്വര്‍ക്കുകളെ സപ്പോര്‍ട്ട് ചെയ്യുന്ന സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് ഇതു സാധ്യമാക്കുന്നത്. ചാറ്റ് ക്ലയന്റുകള്‍ ഇത്തരത്തിലുള്ള പീര്‍ റ്റു പീര്‍ നെറ്റ്വര്‍ക്കുകള്‍ക്കു വളരെ ലളിതമായ ഉദാഹരണമാണ്. ഈ ചാറ്റ് ക്ലയന്റുകള്‍ ഉപയോഗിച്ചു ഉപയോക്താക്കള്‍ക്കു അവരുടെ കമ്പ്യൂട്ടറുകളിലുള്ള ഫയലുകള്‍ പരസ്പരം പങ്കു വെക്കാന്‍ സാധിക്കുന്നു. എന്നാല്‍ വളരെ വലിയ സൈസിലുള്ള ഫയലുകള്‍ അയക്കുവാന്‍ ഈ ക്ലയന്റുകള്‍ വഴി സാധിക്കുകയില്ല.

പീര്‍ റ്റു പീര്‍ നെറ്റ്വര്‍ക്കുകള്‍ പോലെ ഫയലുകളെ കൈമാറ്റം ചെയ്യാനുപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ടോറന്റുകള്‍. ബിറ്റ് ടോറന്റ് എന്ന ഓപ്പണ്‍ പ്രോട്ടൊകോളാണ് ടോറന്റുകളില്‍ ഉപയോഗിക്കുന്നതു. .Torrents എന്ന എക്സ്റ്റന്‍ഷനുകളില്‍ അവസാനിക്കുന്ന ചെറിയ ഫയലുകള്‍ വഴിയാണ് ടൊറന്റുകള്‍ ക്രിയേറ്റ് ചെയ്യുന്നത്. ഈ ടോറന്റ് ഫയലുകളില്‍ യഥാര്‍ത്ഥ ഫയലിനെക്കുറിച്ചുള്ള വിവരങ്ങള്‍ (Metadata) മാത്രമാണ് അടങ്ങിയിരിക്കുന്നത്. എന്തു ഫയലാണ്. അതിന്റെ ട്രാക്കറുകള്‍ ഏതൊക്കെ, ഫയലിന്റെ ഹാഷ് വാല്യു, ഫയല്‍ നെയിം, ഫയല്‍ എക്സ്റ്റന്‍ഷനുകള്‍ മുതലായവ ഇതില്‍ ഉള്‍പ്പെട്ടിരിക്കും.

ടൊറന്റുകള്‍ ഉപയോഗിച്ചു ഫയലുകള്‍ ഡൌണ്‍ ലോഡ് ചെയ്യുന്നതിനായി അത്യാവശ്യം വേണ്ടതു ഒരു ടോറന്റ് ക്ലയന്റും ടോറന്റ് ഫയലുകളുമാണ്. സാധാരണ ബ്രൌസറുകളില്‍ നിന്നും വ്യത്യസ്തമായി ഒന്നില്‍ കൂടൂതല്‍ റ്റി സി പി സോക്കറ്റുകള്‍ വഴി റിക്വസ്റ്റുകള്‍ അയച്ചാണ് ടൊറന്റ് ക്ലയന്റുകള്‍ പ്രവര്‍ത്തിക്കുന്നതു. ബ്രൌസറുകള്‍ പ്രവര്‍ത്തിക്കുന്നതു ഒരെ ഒരു റ്റിസിപി സോക്കറ്റ് വഴി റിക്വസ്റ്റ് അയച്ചായിരിക്കും. ടോറന്റ് ക്ലയന്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന നിരവധി കമ്പ്യൂട്ടറുകളില്‍ നിന്നുമുള്ള ഒരേ ഫയലിന്റെ പാക്കറ്റുകളാണ് ഇതു വഴി ഡൌണ്‍ലോഡ് ചെയതു ഒരു മുഴുവന്‍ ഫയലായി മാറ്റിയെടുക്കുന്നതു. വൈദ്യുത ബന്ധം വിച്ഛേദിക്കപെട്ടൊ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ മുറിഞ്ഞു പോയാലൊ അതു വരെ ഡൌണ്‍ ലോഡ് ചെയ്ത പാക്കറ്റുകള്‍ കമ്പ്യൂട്ടറുകളില്‍ സേവ് ചെയ്തതിനു ശേഷം പിന്നീട് കണക്ഷന്‍ പുനസ്ഥാപിക്കപെടുമ്പോള്‍ ഇവ എവിടെ വെച്ചാണൊ ഡൌണ്‍ലൊഡീംഗ് മുറിഞ്ഞതു ,അവിടം മുതല്‍ ഡൌണ്‍ലോഡീംഗ് പുനരാ‍രംഭിക്കുന്നു.

ക്ലയന്റുകള്‍:
കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന പി2പി ബിറ്റ് ടോറന്റ് സാങ്കേതികവിദ്യ ഉപയൊഗിച്ചിരിക്കുന്ന സോഫ്റ്റവെയറുകളെയാണ് ക്ലയന്റുകള്‍ എന്ന് അറിയപ്പെടുന്നതു. ഈ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചാണ് മറ്റുള്ള കമ്പ്യൂട്ടറുകളുമായുള്ള ബന്ധം ഉപയോക്താവ് സാധിച്ചെടുക്കുന്നത്.

ട്രാക്കറുകള്‍:
ട്രാക്കറുകള്‍ എന്നറിയപ്പെടുന്ന സെര്‍വറുകള്‍ വഴിയാണ് പീറുകള്‍(ക്ലയന്റുകള്‍) ഏകോപ്പിക്കപ്പെടുന്നത്. കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള കണക്ഷനുകള്‍ ഏകോപിപ്പിക്കുക എന്നതു മാത്രമാണ് ട്രാക്കറുകളുടെ ഉദ്ദേശം. സീഡുകളുടെയും ലീച്ചുകളുടെയും വിവരമായിരിക്കും ഒരു ട്രാക്കറിലുണ്ടായിരിക്കുക. ടോറന്റുകള്‍ വഴി വിതരണം ചെയ്യപ്പെടുന്ന ഫയലുകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഈ ട്രാക്കറുകളില്‍ ഉണ്ടായിരിക്കുകയില്ല. അതു കൊണ്ട് തന്നെ കുറഞ്ഞ ബാന്‍ഡ്‌വിഡ്തിലും ഇവ പ്രവര്‍ത്തിക്കുന്നു. ഉപയോക്താക്കള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന അതെ സമയത്തു തന്നെ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഫയലുകളും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു . അതു കൊണ്ട് തന്നെ നെറ്റ് വര്‍ക്ക് ബാന്‍‌ഡ് വിഡ്ത് ശരിയായ രീതിയില്‍ തന്നെ ഉപയോഗിക്കാന്‍ ഇതു വഴി കഴിയുന്നു. ഒരു ഫയലിനു ഒന്നില്‍ക്കൂടുതല്‍ ട്രാക്കറുകള്‍ ഉണ്ടായിരിക്കാം.

എന്താണ് സീഡുകളും ലീച്ചുകളും:




ടോറന്റുകള്‍ വഴി ഒരു ഫയല്‍ മുഴുവനായി ഡൌണ്‍ ലോഡ് ചെയ്തതിനു ശേഷം മറ്റുള്ളവര്‍ക്കു അപ്‌ലോഡ് ചെയ്യുവാനായി നല്‍കിയിട്ടുണ്ടെങ്കില്‍ അതിനെ സീഡുകള്‍ എന്നു പറയുന്നു. ഒരു ഫയല്‍ മുഴുവനായി കമ്പ്യൂട്ടറിലേക്കു ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാലുടന്റെ ഡൌണ്‍ ലോഡ് ചെയ്യപെട്ട ഫയല്‍ സീഡ് ചെയ്യാന്‍ തുടങ്ങുന്നു. ഇങ്ങനെ തന്റെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ഫയലുകള്‍ മറ്റുള്ളവരെ അനുവദിക്കുന്ന ഉപയോക്താക്കളെയാണ് സീഡേഴ്സ് എന്നു പറയുന്നത്. ടോറന്റുകളുടെ നിലനില്‍പ്പ് തന്നെ ഇത്തരം സീഡേഴ്സിനെ അവലംബിച്ചാണ്. ഒരു ഫയലിന്റെ ഫുള്‍ കോപ്പി ആദ്യമായി കൈവശം ഉള്ള ആളായിരിക്കും ആദ്യത്തെ സീഡ്. സീഡിംഗ് തുടങ്ങുന്നതു ഇയാള്‍ വഴിയായിരിക്കും. ആരെങ്കിലും ഒരാള്‍ ഈ ഫയല്‍ ഡൌണ്‍ ലോഡ് ചെയ്താലുടനെ തന്നെ അയാളും ഒരു സീഡറാകുന്നു. പിന്നിടു വരുന്ന ഉപയൊക്താവിനു ഈ രണ്ടു പേരില്‍ നിന്നും ഫയലുകളുടെ പാക്കറ്റുകള്‍ ഡൌണ്‍ ലോഡ് ചെയ്തു ഒരു ഫുള്‍ കോപ്പി തന്റെ സിസ്റ്റത്തിലേക്കു മാറ്റുവാന്‍ സാധിക്കും.ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടെയിരിക്കും.

ഉപയൊക്താക്കള്‍ ഒരു ഫയലിനെ ഡൌണ്‍ലോഡ് ചെയ്തിരിക്കുമ്പോഴുള്ള അവസ്ഥയാണ് ലീച്ചിംഗ്. ഇങ്ങനെ ഡൌണ്‍ ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന ഉപയോക്താവിനെ ലീച്ചര്‍ എന്നു പറയുന്നു. ലീച്ചിംഗ് നടന്നു കൊണ്ടിരിക്കുമ്പോഴും മറ്റുള്ള ലീച്ചേഴ്സിനു ഫയല്‍ പാക്കറ്റുകള്‍ ഇതു വഴി ഡൌണ്‍ ലോഡ് ചെയ്തെടുക്കാന്‍ സാധിക്കും. പക്ഷെ ഡൌണ്‍ ലോഡ് ചെയ്തു മുഴുവനാക്കിയ പാക്കറ്റുകള്‍ മാത്രമെ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇതു ടോറന്റ് ഫയലുകളുടെ സ്പീഡ് വര്‍ദ്ധിപ്പിക്കുന്നു.

എങ്ങനെയാണ് ടൊറന്റുകള്‍ വര്‍ക്ക് ചെയ്യുന്നതെന്ന് വളരെ ലളിതമായ ഉദാഹരണം വഴി വിശദമാക്കാം

നാലൊ അഞ്ചൊ ആള്‍ക്കാര്‍ ഒരു ടേബിളിനു ചുറ്റുമിരിക്കുകയാണെന്ന് കരുതുക ഇതില്‍ എല്ലാവര്‍ക്കും ഒരു പുസ്തകത്തിന്റെ കോപ്പി ആവശ്യമാണ്. ഒരാളുടെ കൈവശം പുസ്തകത്തിന്റെ മുഴുവന്‍ കോപ്പിയും ഉണ്ടായിരിക്കും. ഇദ്ദേഹം പേജുകള്‍ ഇടവിട്ടൊ അല്ലാതെയൊ ഇവര്‍ക്കായി നല്‍കുന്നു. ഒന്നാമതെ ആള്‍ക്കു നാലാമത്തെ പേജിന്റെ കോപ്പിയായിരിക്കും ലഭിക്കുന്നതു. രണ്ടാമത്തെ ആള്‍ക്കു മൂന്നാമത്തെയും എട്ടാമത്തെയും പേജിന്റെ കോപ്പികളായിരികും ലഭിക്കുന്നത്. അങ്ങനെ എല്ലാവര്‍ക്കും പുസ്തകത്തിന്റെ ഇടവിട്ടുള്ള പേജുകള്‍ ലഭിക്കുന്നുവെന്നു കരുതുക. ഒന്നാമത്തെ ആള്‍ക്കു രണ്ടാമത്തെ ആള്‍ മൂന്നാമത്തെയും എട്ടാമത്തെയും പേജിന്റെ കോപ്പികള്‍ നല്‍കുന്നു. തിരിച്ചു രണ്ടാമത്തെ ആള്‍ക്കു ഒന്നാമത്തെ ആള്‍ നാലാമത്തെ പേജിന്റെ കോപ്പി നല്‍കുന്നു. ഇങ്ങനെ ഈ പ്രക്രിയ വഴി എല്ലാവര്‍ക്കും ആ പുസ്തകത്തിന്റെ കോപ്പി ലഭിക്കുന്നു. ഇതാണ് ടോറന്റുകളില്‍ ഉപയോഗിക്കുന്ന ടെക്നോളജി.

ടോറന്റുകളുടെ ദോഷങ്ങള്‍:
ടോറന്റുകള്‍ ഉപയോഗിക്കുന്നവരുടെ കമ്പ്യൂട്ടറുകളുടെ ഐ പി വിലാസങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടീ അറിയാന്‍ കഴിയുന്നു.ഈ ഐപി വിലാസങ്ങളെ ദുരുപയോഗം ചെയ്യുവാന്‍ സാധിക്കും. ഓപ്പണായിരിക്കുന്ന് പോര്‍ട്ടുകള്‍ വഴി സിസ്റ്റം വള്‍നറബിള്‍ ആകാനുള്ള സാധ്യത. ഫേക് ടൊറന്റുകള്‍ ഉപയോഗിക്കുന്നതു വഴിയുള്ള സമയ നഷ്ടവും, ബാന്‍ഡ് വിഡ്ത് നഷ്ടവും. ഫയര്‍വാളുകള്‍ ടോറന്റുകളെ തടയുന്നതിനാല്‍ അവ ഡിസേബീള്‍ ചെയ്തിട്ടു ഡൌണ്‍ലോഡ് ചെയുന്നതു വഴിയുള്ള വള്‍നറബിലിറ്റി മുതലായവ ഇതിന്റെ പ്രധാന ദോഷങ്ങളാണ്.

ടോറന്റുകള്‍ വഴി ഡൌണ്‍ ലോഡ് ചെയ്യുന്ന സിപ് ഫയലുകളിലും സോഫ്റ്റ്വെയറുകളുടേ കീ ജനറെറ്ററുകളിലും കമ്പ്യൂട്ടറുകള്‍ക്കു ദോഷകരമായ സോഫ്റ്റ് വെയറുകള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത കൂടൂതലാണ്. എന്താണു ഡൌണ്‍ ലോഡ് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇവ.

കോപ്പിറൈറ്റും നിയമകുരുക്കും:
ബിറ്റ് ടോറന്റ് ക്ലയന്റുകള്‍ ‍ ഉപയോഗിക്കുന്നതു കൊണ്ട് യാതൊരു വിധത്തിലുള്ള നിയമകുരുക്കും നിലവിലില്ല. എന്നാല്‍ കോപ്പിറൈറ്റുള്ള വസ്തുക്കളാണ് ടോറന്റുകള്‍ ഉപയോഗിച്ചു കൂടുതലായും ഡൌണ്‍ ലോഡ് ചെയ്യുന്നതു. മറ്റേതൊരു ഡൌണ്‍ലോഡിംഗ് പോലെയും ഇവ ടോറന്റുകള്‍വഴിയും ഡൌണ്‍ ലോഡ് ചെയ്യുന്നതു കുറ്റകരമാണ്. എന്നാല്‍ ചില രാജ്യങ്ങളില്‍ (ഉദാഹരണം സ്വിറ്റ്സര്‍ലന്റ്) ടോറന്റുകള്‍ വഴി സിനിമകളും പാട്ടുകളും ഡൌണ്‍ലോഡ് ചെയ്യുന്നത് അനുവദിച്ചിരിക്കുന്നു. എന്നാല്‍ ഇവ അപ്‌ലോഡ് ചെയ്യുന്നതു വഴി കോപ്പിറൈറ്റുള്ള വസ്തുകള്‍ അനധികൃതമായി മറ്റുള്ളവര്‍ക്കു ഡൌണ്‍ ലോഡ് ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നതു. ഇതു നിയമലംഘനമാണ്. എന്നാല്‍ സോഫ്റ്റ് വെയറുകളുടെ ഡെമോ വേര്‍ഷനുകളും മറ്റും ടോറന്റുകള്‍ വഴി ഡൌണ്‍ ലോഡ് ചെയ്യുന്നതിനു നിയമതടസ്സം ഇല്ല.  ലീച്ച് ചെയ്തു കൊണ്ടിരിക്കുന്ന ഫയലുകള്‍ക്കു ഇതു ബാധകമല്ല. കാരണം അവ മുഴുവനായി ഡൌണ്‍ ലോഡ് ചെയ്തിട്ടില്ല എന്നതു തന്നെ കാരണം.

പ്രധാനപ്പെട്ട ടോറന്റ് ക്ലയന്റുകള്‍:
ഇന്നു നിരവധി ടോറന്റ് ക്ലയന്റുകള്‍ ലോകമൊട്ടാകെയുള്ള ഉപയോക്താക്കള്‍ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഉപയോഗിച്ചു വരുന്നു. ബിറ്റ് ടോറന്റ് പ്രോട്ടോക്കോള്‍ ഡെവലപ് ചെയ്ത ബ്രാം കോഹന്റെ തന്നെ ടൊറന്റ് ക്ലയന്റാണ് ബിറ്റ് ടോറന്റ്. ഇന്നു ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ടോറന്റ് ക്ലയന്റുകളിലൊന്നാണ് ബിറ്റ് ടോറന്റ്. മറ്റൊന്നു യുടോറന്റ് ആണ്. ബിറ്റ് കോമറ്റ്, അസൂറിയസ്, ഏരിസ്,ലൈംവയര്‍ തുടങ്ങി നിരവധി ടൊറന്റ് ക്ലയന്റുകള്‍ ഉപയോക്താക്കള്‍ക്കായി ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

എവിടെനിന്നും ടോറന്റ് ഫയലുകള്‍ ഡൌണ്‍ ലോഡ് ചെയ്തെടുക്കാം.




ടോറന്റ് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നതിനായി സൌകര്യം ഒരുക്കി തരുന്ന നിരവധി വെബ്സൈറ്റുകള്‍ ഇന്നു നിലവിലുണ്ട്. അതില്‍ പ്രധാനം isohunt.com എന്ന ടോറന്റ് ഫയല്‍ സെര്‍വറാണ്. Thepiratebay.org , Torrentz.com മുതലായവയെല്ലാം ടോറന്റ് ഫയലുകള്‍ ഡൌണ്‍ ലോഡ് ചെയ്തുപയൊഗിക്കാനുള്ള സൌകര്യം ഏര്‍പെടുത്തിയിരിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This